ഇടുക്കി ജില്ലയിലെ ഇടുക്കി താലൂക്കില്‍ കട്ടപ്പന ബ്ലോക്കിലാണ് കട്ടപ്പന മുനിസിപ്പാലിറ്റി സ്ഥിതി ചെയ്യുന്നത്. 1964 ജനുവരി 1-ാം തിയതി രൂപീകൃതമായ പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 52.77 ച.കി.മീറ്ററാണ്. പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് ഇരട്ടയാര്‍, പാമ്പാടുംപാറ പഞ്ചായത്തുകള്‍, കിഴക്ക് വണ്ടന്‍മേട്, പാമ്പാടുംപാറ പഞ്ചായത്തുകള്‍, തെക്ക് വണ്ടന്‍മേട് പഞ്ചായത്ത്, പടിഞ്ഞാറ് കാഞ്ചിയാര്‍ പഞ്ചായത്ത് എന്നിവയാണ്. കട്ടപ്പന നഗരസഭയുടെ മൊത്തം ജനസംഖ്യ 42646 (2011 സെന്‍സസ്). നഗരസഭയിലെ മൊത്തം ജനതയുടെ സാക്ഷരതാ നിരക്ക് 92% ആണ്. ഭൂപ്രകൃതി അനുസരിച്ച് മലനാട് മേഖലയില്‍ വരുന്ന നഗരസഭയാണ് കട്ടപ്പന. ചെരിവുകൂടിയ പ്രദേശങ്ങള്‍ കൂടുതല്‍ ഉള്ള നഗരസഭയില്ർ കൃഷിചെയ്യുന്ന പ്രധാന വിളകള്‍ കുരുമുളക്, കാപ്പി, ഏലം, വാനില, ഗ്രാമ്പു, കൊക്കോ എന്നിവയാണ്. ചെറുതും വലുതുമായ 45 ഓളം കുളങ്ങള്‍ പഞ്ചായത്തിലെ പ്രധാന ഉപരിതല ജലസ്രോതസ്സുകളാണ്. കല്യാണത്തണ്ട് നഗരസഭാ പരിധിയിലുള്ള പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ്. ഇവിടെനിന്ന് ഇടുക്കി ജലാശയത്തിന്‍ സൌന്ദര്യം ആസ്വദിക്കുവാന്‍ കഴിയും. നെടുമ്പാശ്ശേരി വിമാനത്താവളമാണ് നഗരസഭയുടെ ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന വിമാനത്താവളം. കോട്ടയം, ആലുവ എന്നീ റെയില്‍വേ സ്റ്റേഷനുകളാണ് നഗരസഭയോട് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷനുകള്‍. കൊച്ചി തുറമുഖമാണ് നഗരസഭയുടെ ഏറ്റവും അടുത്തുള്ള തുറമുഖം. എന്‍.എച്ച്. 185, എസ്.എച്ച് 212 എന്നീ പ്രധാന റോഡുകള്‍ പഞ്ചായത്തിലൂടെ കടന്നുപോകുന്നു. ഇരുപതേക്കര്‍പാലമാണ് നഗരസഭയിലെ പ്രധാന പാലം. നഗരസഭയുടെ പൊതുവിതരണ മേഖലയില്‍ 22 റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുന്നു. 6 മാവേലി സ്റ്റോറുകളും 5 നീതി സ്റ്റോറുകളും പൊതുവിതരണ രംഗത്തെ മറ്റു സംവിധാനങ്ങളാണ്. കട്ടപ്പന, വെള്ളയാംകുടി എന്നിവിടങ്ങളിലാണ് പഞ്ചായത്തിലെ പ്രധാനപ്പെട്ട വ്യാപാരകേന്ദ്രങ്ങള്‍. കട്ടപ്പനയില്‍ നിലവില്‍ രണ്ട് സ്വകാര്യ ബസ് സ്റ്റാന്‍റുകളും, ഒരു കെ.എസ്.ആര്‍.റ്റി.സി ബസ് സ്റ്റാന്‍റും നിലവിലുണ്ട്. കൂടാതെ കട്ടപ്പനയില്‍ പൂര്‍ണ്ണമായും റൂഫിംഗോടുകൂടിയ വെജിറ്റബിള്‍ മാര്ക്കറ്റ്, ഫിഷ് മാര്‍ക്കറ്റ്, മീറ്റ് മാര്‍ക്കറ്റ് എന്നിവ പ്രവര്‍ത്തിക്കുന്നു. നിലവില്‍ നഗരത്തില്‍ ഒരു മള്‍ടിപ്ലക്സ് തീയേറ്റര്‍ ഉള്‍പ്പെടെ മൂന്ന് സിനിമാ തീയേറ്ററുകള്‍ പ്രവര്‍ത്തിക്കുന്നു. ഇടുക്കി ജില്ലയിലെ ഏറ്റവും പ്രധാന ആശുപത്രികളിലൊന്നായ സെന്‍റ് ജോണ്‍സ് ഹോസ്പിറ്റല്‍ നഗരസഭാ പരിധിയിലാണ്. കട്ടപ്പന ശ്രീധര്‍മശാസ്താ ക്ഷേത്രം, പാറക്കടവ് ക്ഷേത്രം, പുളിയന്‍മല ശിവക്ഷേത്രം, കല്യാണത്തണ്ട് ക്ഷേത്രം എന്നിവ നഗരസഭയിലെ പ്രധാന ഹൈന്ദവ ആരാധനാലയങ്ങളും കട്ടപ്പന ജുമാ മസ്ജിദ്, വെള്ളയാംകുടി ജുമാ മസ്ജിദ് എന്നിവ പ്രധാന മുസ്ലീം ആരാധനാലയങ്ങളുമാണ്. കട്ടപ്പന സെന്‍റ് ജോര്‍ജ്, വെള്ളയാംകുടി സെന്‍റ് ജോര്‍ജ്, കൊച്ചുതോവാള സെന്‍റ ജോസഫ് ദേവാലയം, പുളിയന്‍മല സെന്‍റ് ജോസഫ് ദേവാലയം, എന്നിവയാണ് നഗരസഭയിലെ പ്രധാനപ്പെട്ട ക്രിസ്തീയ ദേവാലയങ്ങള്‍. സെന്‍റ് ജോര്‍ജ് പള്ളി തിരുനാള്‍, കട്ടപ്പന ക്ഷേത്ര ഉത്സവം, കട്ടപ്പന ഫെസ്റ്റ്, വാഴവര ദേവാലയ തിരുനാള്‍ എന്നിവയാണ് നഗരസഭയിലെ ദേവാലയങ്ങളുമായി ബന്ധപ്പെട്ട പ്രധാന ആഘോഷങ്ങള്‍. നാടക പ്രവര്‍ത്തകനായ എം.സി.കട്ടപ്പന നഗരസഭയുടെ അഭിമാനമാണ്. ആരോഗ്യപരിപാലനരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന വിവിധ ആരോഗ്യ കേന്ദ്രങ്ങള്‍ നഗരത്തിലുണ്ട്. ഇടുക്കി താലൂക്ക് ആശുപത്രി, കട്ടപ്പന അര്‍ബന്‍ പി.എച്ച്.സി, സെന്‍റ് ജോണ്‍സ് ആശുപത്രി, സഹകരണ ആശുപത്രി, ബാലാ ആശുപത്രി, യുണികെയര്‍ ആശുപത്രി, മോഡല്‍ ആയുര്‍വേദ ഡിസ്പെന്‍സറി, ഗവ. ഹോമിയോ ഡിസ്പെന്‍സറി തുടങ്ങിയ സ്ഥാപനങ്ങള്‍ ആരോഗ്യ രംഗത്ത് സേവനം ചെയ്തുവരുന്നു. ഇടുക്കി ജില്ലാ പി.എസ്.എസി ഓഫീസ്, ജില്ലാ എംപ്ലോയ്മെന്‍റ് ഓഫീസ് എന്നിവയും കട്ടപ്പനയിലാണ് സ്ഥിതി ചെയ്യുന്നത്.